Sunday, February 17, 2013

കാറോസൂസായും വിശ്വാസപ്രമാണവും

കാറോസൂസായുടേയും ഒനീസാദ്റാസയുടേയും സമയത്ത് പലരും ഇരിയ്ക്കുന്നതായും വിശ്വാസപ്രമാണത്തിന്റെ സമയത്ത് ഇരിയ്ക്കുന്നവർ എഴുന്നേൽക്കുന്നതായും കാണുന്നു. ചിക്കാഗോ രൂപത വിശ്വാസികൾക്ക് കൊടുത്തിരിയ്ക്കുന്ന ഔദ്യോഗിക നിർദ്ദേശങ്ങളിലും അതിനെ അംഗീകരിയ്ക്കുന്നു. 1. ഇതു നമ്മുടെ സഭയുടെ ചൈതന്യത്തിനു നിരക്കുന്ന രീതിയല്ല 2. ഇത് പ്രത്യക്ഷത്തിൽ തന്നെ ലത്തീനീകരണമാണ്.

കാറോസൂസാ
പരിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും കൂദാശകളിലും കൂദാശാനുകരണങ്ങളിലും  പൗരസ്ത്യസുറിയാനീ ശൈലിയിൽ സുവിശേഷ വായനയ്ക്കുശേഷം കാറോസൂസായുണ്ട്. കാറോസൂസാഎന്ന സുറീയാനീ പദത്തിന് പ്രഘോഷണം എന്നാണ് അർത്ഥം.  അതുകൊണ്ട് ഇത് വിശ്വാസത്തിന്റെ പ്രഘോഷണപ്രാർത്ഥനയാണ്.  കുറച്ചുകൂടി വ്യക്തമാക്കി പറഞ്ഞാൽ ഇത് സ്വയം പ്രേരിത പ്രാർത്ഥനയൂടേയോ വ്യക്തിപരമായ ആവശ്യങ്ങൾ ഉണർത്തിയ്ക്കുന്നതിന്റേയോ അവസരമല്ല. ഇതേ അവസരത്തിൽ  അതായത് വിശുദ്ധഗ്രന്ഥവായനയ്ക്കു ശേഷമാണ് ലത്തീൻ രീതിയിൽ വിശ്വാസപ്രമാണം ചൊല്ലുന്നത്. അതായത് ലത്തീൻ രീതിയിലെ വിശ്വാസപ്രമാണത്തിന്റെ അതേ പ്രാധാന്യം സുറിയനീ രീതിയിലെ കാറോസൂസായ്ക്ക് ഉണ്ട്. ലത്തീൻ രീതിയിൽ വിശ്വാസപ്രമാണത്തിന് വിശ്വാസികൾ ഇരിയ്ക്കുകയല്ല നിൽക്കുകയാണ് ചെയ്യുന്നത് ഇന്നിരിയ്ക്കെ വിശ്വാസപ്രഘോഷണ (കാറോസൂസാ) സമയത്ത് സുറീയാനിക്കാർ ഇരിയ്കുന്നത് കാറോസൂസായുടെ ചൈതന്യത്തിനു യോജിച്ചതല്ലെന്നു വ്യക്തമാണല്ലോ.

ഒനീസാദ് റാസേ (ദിവ്യരഹസ്യ ഗീതം)
മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ എന്ന ഗീതത്തോടെയാണ് ഈ ശൂശ്രൂഷ ആരംഭിയ്ക്കുന്നത്.  ബേസ്ഗാസാകളിൽ നിന്നും തിരുവസ്തുക്കളെ മദ്‌ബഹായിലേയ്ക്ക് കൊണ്ടുവരുന്നത് നമ്മുടെ കർത്താവിന്റെ ഗാഗുൽത്തായിലേയ്ക്കുള്ള യാത്രയാണ്. മദ്‌ബഹായിൽ കാർമ്മികൾ ബലിവസ്തുക്കളെ കുരിശാകൃതിയിൽ ഉയർത്തിപ്പിടിയ്ക്കുന്നത് മിശിഹായുടെ കുരിശുമരണത്തിന്റെ കൗദാശികമായ പുനരവതരണമാണ്. അതിനു ശേഷം ബലിവസ്തുക്കളെ മദ്‌ബഹായിൽ വച്ച് ശോശപ്പകൊണ്ട് മൂടുന്നത് കർത്താവിന്റെ കബറടക്കവും. ഇത്രയും പ്രധാനപ്പെട്ട മിശിഹാരഹസ്യങ്ങളെ അനുസ്മരിയ്ക്കേണ്ട സമയത്ത് കാഴ്ചക്കാരേപ്പോലെ ഇരിയ്ക്കുന്നതും നിസംഗരായിരിയ്ക്കുന്നതും ഉചിതമല്ല എന്നതിലേക്കാൾ അനാദരവല്ലേ എന്നു നാം ചിന്തിക്കേണ്ടീയിരിയ്ക്കുന്നു.

ഒനീസാദ് റാസയുടെ രണ്ടാംഭാഗത്ത് പരിശുദ്ധകന്യാമറിയത്തെയും ശ്ലീഹന്മാരേയു ം  നമ്മുടെ വിശ്വാസത്തിന്റെ പിതാവായ മാർത്തോമാസ്ലീഹായേയും പിതാക്കന്മാരേയും നിണസാക്ഷികളേയും സകലമരിച്ചവരേയും അനുസ്മരിയ്ക്കുന്നു - കർത്താവിന്റെ മരണത്തോടു ചേർത്ത് അനുസ്മരിയ്ക്കുന്നു. വിശ്വാസം നമുക്ക് പകർന്നത് ഇവരിലൂടെയൊക്കെയാണ്.  അവരെ അനുസ്മരിയ്ക്കുന്ന സമയത്തും നിസംഗത പാടില്ലല്ലോ.

വിശ്വാസപ്രമാണം
സുറീയാനിക്കാർക്ക് ഒരു വിശ്വാസപ്രമാണമേയുള്ളൂ അത് നിഖ്യാവിശ്വാസപ്രമാണമാണ്. മറ്റു പൗരസ്ത്യ സഭകളിലെന്നതുപോലെ കൂദാശാഭാഗം തുടങ്ങുന്നതിനു തൊട്ടുമുൻപാണ് നിഖ്യാവിശ്വാസപ്രമാണം ചൊല്ലുന്നത്. ഒരു ഗൗരവമേറിയ കർമ്മത്തിനു തൊട്ടുമുൻപ് വിശ്വാസം ഏറ്റുപറഞ്ഞ് അത് അനുഷ്ടിയ്ക്കുന്നതാണ് നമ്മുടെ രീതി. അതായത് ലത്തീൻ രീതിയിലെ വിശ്വാസപ്രമാണത്തിന്റെ സ്ഥാനത്തല്ല നമ്മുടെ കുർബാനയിലെ വിശ്വാസപ്രമാണം വരുന്നത്.

ചുരുക്കത്തിൽ ലത്തീൻ സഭയിലെ വിശ്വാസപ്രമാണത്തിന്റെ സ്ഥാനമാണ് നമ്മുടെ കാറോസൂസയ്ക്കുള്ളത്.  കാറോസൂസായുടെയും ഒനീസാദുറാസയുടേയും സമയത്ത് ഇരിയ്ക്കുന്നത് പൗരസ്ത്യസഭകളുടെ പ്രാർത്ഥനാ ചൈതന്യത്തിനോ ദൈവശാസ്ത്രത്തിനോ പാരമ്പര്യത്തിനോ യോജിച്ചതല്ല. പൗരസ്ത്യസഭകളുടെ കുർബാനയിലെ വിശ്വാസപ്രമാണത്തിന്റെ ഭാഗത്തിന് തുല്യമായ ഭാഗം ലത്തീൻ കുർബാനയിലില്ല.

No comments: